2010, ഓഗ 17

സീ ഫൈസിയും ബുർദയും ഞാനും.



സീ ഫൈസിയും ബുർദയും ഞാനും.

മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജരാണ്‌ സീ മുഹമ്മദ് ഫൈസി. പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ സീ അബ്ദുറഹ്‌മാൻ മുസ്ല്യാരുടെ മകനും കാന്തപുരം എ.പി. അബൂ ബക്കർ മുസ്ലിയാരുടെ മൂത്ത മകൾ മൈമൂനയുടെ ഭർത്താവുമാണ്‌ സീ ഉസ്താദ്. കൊടുവള്ളിക്കടുത്ത പന്നൂർ സ്വദേശിയും. ഒരു തികഞ്ഞ പണ്ഡിതനും പയറ്റിത്തെളിഞ്ഞ പ്രഭാഷകനും എഴുത്തുകാരനുമാണ്‌. ഒരു വിഷയത്തെക്കുറിച്ച് സി സംസാരിക്കുമ്പോൾ അനുബന്ധമായി പറയുന്ന ഖുർആൻ വാക്യങ്ങളും ഹദീസ് വചനങ്ങളും കേട്ടാൽ അവ ഇന്ന് അതിനു വേണ്ടി മാത്രം അവതരിച്ചതാണെന്ന് നമുക്കു തോന്നിപ്പോകും.
എങ്കിൽ തന്നെയും കക്ഷി ഒരു ഗൗരവക്കാരനും അടുക്കാൻ പ്രയാസമുള്ളയാളുമാണെന്ന ഒരു ധാരണ അധികമാളുകളുടെയും മനസ്സിലും വാക്കിലുമുണ്ട്. എന്നാൽ അടുത്തറിഞ്ഞവർ പറയുന്നത് ആ വ്യക്തിത്വം ഉള്ളിപോലെ പൊളിച്ചു നോക്കിയാൽ പ്രതീക്ഷിക്കുന്നതൊന്നും തന്നെ കാണാൻ കഴിയില്ല എന്നാണ്‌. എന്റെയും അനുഭവം മറിച്ചൊന്നല്ല. ഞാൻ പലപ്പോഴും സീ ഉസ്താദുമായി ശണ്ഠ കൂടിയിട്ടുണ്ട്. മർകസിലുള്ള കാലത്ത് എനിക്ക് കാന്റീലിലും മറ്റും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. അക്ഷോഭ്യനായ ഒരു നിമിഷം ഞാൻ അദ്ദേഹത്തിനെക്കുറിച്ച് കവിതയെഴുതി. ശരീഅത്ത് കോളേജിലെ ഒരു പൊതു പരിപാടിയിൽ ഞാൻ അവതരിപ്പിച്ച കവിത തുടങ്ങുന്നതിങ്ങനെയാണ്‌

“സീ കടലാകുന്നു
കടലിലെ തിരയാകുന്നു,
തിരയുടെ നുരയാകുന്നു....,
നുരയുടെ ചിരിയാകുന്നു.
(മൂന്നാമത്തെ വരിയിൽ ചെറിയ അമർഷം ഉണ്ടെങ്കിലും ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ‘മദ്ഹാ’കുന്നു.)

അദ്ദേഹത്തിന്റെ ചില വിശേഷണങ്ങൾ ഇങ്ങനെ പറഞ്ഞതും ഞാനോർക്കുന്നു.

“സൂക്ഷിക്കണം കടലമ്മ കോപിച്ചിടും
കോപാഗ്നിയിൽ പെടിലെല്ലാം നശിച്ചിടും.
കൈവെള്ള പോലെ പരിചയമുണ്ടെന്ന
കൈമുതലൊന്നും ചിലപ്പോൾ ഫലപ്പെടാ”

ഇതൊക്കെ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ മഹത്വം ഞാൻ കാണാതിരുന്നിട്ടില്ല.

“ആഴിയൊരക്ഷയ പാത്രമാണൗദാര്യ
ക്ഷീരം ചുമത്തുന്ന കാമധേനു”.

ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാൻ മർകസിൽ(ആർട്സ് കോളേജിൽ) ജോലിക്കു ചേർന്നപ്പോഴും കക്കാട് മുഹമ്മദ് ഫൈസിയും സീ ഉസ്താദും തമ്മിലുണ്ടായ ഒരു പ്രശ്നത്തിലും ഞാൻ ബലിയാടായിട്ടുണ്ട്. ധാർമ്മികമായി അന്നു കക്കാടിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രശ്നങ്ങളിൽ ഞാൻ നിരപരാധിയായിരുന്നു.

മർകസിന്റെ കേറോഫിൽ തന്നെ എനിക്കു ആയിടയ്ക്ക് ദുബായിലേക്ക് ഒരു വിസ ശരിയായി. ദുബായിൽ നിന്നും ഒരിക്കൽ സീ ഉസ്താദിനെ സന്ദർശിക്കാൻ ഞാൻ ദേരയിലെ മർകസ് ഓഫീസിൽ ചെന്നപ്പോൾ സീ ഉസ്താദ് പറഞ്ഞു: “ഇവൻ കാര്യമങ്ങനെയൊക്കെയാണെങ്കിലും നമ്മളോട് സ്നേഹമുള്ളവനാണ്‌. അതു കൊണ്ടാണല്ലോ എന്നെ കാണാൻ വരുന്നത്”. അതു വളരെ ശരിയാണ്‌.
ഞാൻ സീ എന്ന വ്യക്തിത്വത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കസേരയുടെ വലിപ്പമാകാം അദ്ദേഹത്തിന്‌ ഒരു കേരള പോലീസിന്റെ പരിവേഷം നേടിക്കൊടുത്തത്. പല സദസ്സുകളിലും ക്ളാസ്സുകളിലും വെച്ച് ഉസ്താദ് ചെറുതാണെങ്കിലും എന്റെ കഴിവുകളെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മർകസ് സോവനീറിൽ ഞാനെഴുതിയ മുഖ ലേഖനത്തിൽ സമർത്ഥമായി നടത്തിയ ഒരു തിരിമറി വർഷങ്ങളുക്കു ശേഷം സീ കൈയ്യോടെ പിടിച്ചിരുന്നു. ലേഖനം ആരംഭിക്കുന്നത് “പ്രകൃതി രമണീയമായ വയനാടൻ മാമലകളിറങ്ങി കോഴിക്കോട് നഗരത്തിലേക്കു പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന മർകസ്..” എന്നായിരുന്നു. അതായത് കോഴിക്കോട് വയനാടു റോഡ് എന്നു പറയുന്നതിനു പകരം വയനാട് കോഴിക്കോട് റോഡ് എന്നു പറഞ്ഞു കളഞ്ഞു. രണ്ടു വർഷത്തിനു ശേഷം സീ അതു കണ്ടു പിടിച്ചു. “നീ നിന്റെ നാടിനെ പൊക്കിപ്പറഞ്ഞിരുക്കയാണല്ലേ, വിരുതൻ”

ബുർദയെക്കുറിച്ചുള്ള ചർച്ചയിൽ സീ ഉസ്താദ് കടന്നു വരുന്നത് മറ്റൊരു പ്രശ്നത്തിലാണ്‌. മൂന്നു നാലു കൊല്ലം മുമ്പ് ഒരിക്കൽ ഞാൻ എന്റെ ബുർദ വ്യാഖാനവുമെടുത്ത് ഉസ്താദിനെ സമീപിച്ചത് അതൊന്നു വായിച്ച് എഡിറ്റു ചെയ്തു തരാനായിരുന്നു. ഇവിടെ ഉണ്ടാകുന്ന ഒരു മാസത്തിനുള്ളിൽ അതു ചെയ്തു തരുമെന്ന് ഞാൻ പരതീക്ഷിച്ചു. പക്ഷേ സമയം അതിനനുവദിച്ചില്ല. ഉസ്താദത് ഏറ്റെടുക്കാൻ തയ്യാറായുമില്ല. എന്നാലും എന്റെ പുസ്തകം മറിച്ചു നോക്കിയ സീ ബുർദയുടെ അൻപത്തിയെട്ടാം വരിയുടെ വ്യഖാനം വായിച്ച് ഇതു ശരിയല്ലെന്നു പറഞ്ഞു. “തിരുനബിയുടെ ഖബറിടം ചുംബിക്കുന്നതും മണക്കുന്നതും കറാഹത്താണ്‌” എന്ന വരിയിലാണ്‌ സീ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഞാൻ പറഞ്ഞു: “അങ്ങിനെ ഇബുനുജഹറിന്റെ (റ) ശറഹിലുണ്ട്”. എന്നിട്ടും അദ്ദേഹമതു സമ്മതിച്ചു തന്നില്ല. ഞാൻ നിരാശനായി. മഹാനായ ഒരു പണ്ഡിതൻ പറഞ്ഞ കാര്യം തിരുത്താൻ ഞാൻ തയ്യാറുമായിരുന്നില്ല.
കാര്യം ഇവിടെ അവസാനിക്കുന്നില്ല. പിന്നീടാണ്‌ പ്രസിദ്ധനായ സിറിയൻ പണ്ഡിതൻ മുഹമ്മദ് ഈദ് യഅഖൂബിന്റെ ബുർദ വ്യഖ്യാനം ഞാൻ കാണുന്നത്. അതിൽ അദ്ദേഹം പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് സീ ഉസ്താദിനോട് ആദരവു തോന്നി. തെളിവു സഹിതം മുഹമ്മദ് ഈദ് പറയുന്ന കാര്യം എന്റെ വ്യാഖാനത്തിൽ ഇങ്ങനെ വായിക്കാം.
“തിരുനബിയുടെ ഖബറിടം ചുംബിക്കുന്നത് കറാഹത്താണെന്ന് മഹാന്മാരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്‌. പക്ഷേ അതനുവദനീയമാണെന്ന് പ്രസ്താവിക്കുന്ന വേറെ മദ്ഹബും ഉണ്ട്. തിരുനബിയുടെ പുന്നാര മകൾ ഫാതിമാ ബീവി(റ) അവിടുത്തെ വിശുദ്ധമായ ഖബറിന്റെ മണ്ൺ ചുംബിച്ചതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതു കൊണ്ടു മാത്രം അവർ മതിയാക്കിയില്ല. മഹതി എന്നിട്ടിങ്ങനെ പാടുകയും ചെയ്തു.

(അബൂ അയ്യൂബ് അൽ അൻസാരി(റ)യും ബിലാൽ (റ)യും മറ്റും ചുംബിച്ച സംഭവങ്ങളും മറ്റും എന്റെ അറബി വ്യഖ്യാനത്തിൽ വിശദീകരിക്കുന്നുണ്ട്)

N.B.
സീ ഉസ്താദിന്റെ മഹാ മനസ്കതയെക്കുറിച്ച് ഒരു സംഭവവും കൂടി. 1997-ൽ സൗദിയിലേക്ക് പോകുമ്പോൾ എനിക്കു വിസ ശരിയാക്കിക്കത്തന്ന മാവൂർ സ്വദേശിയായ ഒരു സുഹൃത്തിന്‌ 10,000 രൂപയും കൂടി കൊടുക്കേണ്ടിയുന്നു. പോകുന്ന അന്നു രാവിലെ വരേ എനിക്കു കാശു ശരിയായില്ല. എന്റെ യാത്ര തന്നെ അവതാളത്തിലാകുമോ എന്ന് സംശയിച്ച ആ നിർണ്ണായക ഘട്ടത്തിൽ ഞാൻ സീ ഉസ്താതിന്റെ റൂമിൽ ചെന്ന് നിറകണ്ണുകളോടെ സങ്കടം പറഞ്ഞു. ഉടനെ ഉസ്താദ് എനിക്ക് 10,000 എടുത്തു തന്നു. ഞാനതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു മാസത്തിനുള്ളിൽ ഞാനതു കൊടുത്തു വീട്ടുകയും ചെയ്തു. ഞാൻ ഒന്നുകൂടി പറയുന്നു. സീ കടലാകുന്നു.