2010, ഒക്ടോ 31

ആദ്യത്തെ കൺമണി



ഇന്ന് ഒക്ടോബർ മുപ്പത്തൊന്ന്, രണ്ടായിരത്തിപ്പത്ത്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പത്ത് മുപ്പതിന്‌ ഞാൻ എന്റെ സുഹൃത്ത് ഉബൈദ് സഅദിയെ അന്വേഷിച്ച് ഹോർലാൻസിലെ അയാളുടെ ടൈപിങ്ങ് സെന്ററിൽ പോയി. 11. മണിക്കു മുമ്പേ എത്തണമെന്ന് ഉബൈദ് പ്രത്യേകം പറഞ്ഞിരുന്നു. നാദ് അൽ ശിബയിൽ നിന്നും ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴി പോയപ്പോൾ ബ്രിഡ്ജ് ക്ലോസ്ഡ്, പിന്നെ മക്തൂം ബ്രിഡ്ജിനു പിടിച്ചു. പത്തു മണിക്കു ശേഷം ചുങ്കം കൊടുക്കേണ്ട. പക്ഷേ എനിക്ക് അതു വഴി അത്ര പരിചയമില്ല. എങ്ങിനെ പോയാലും തെറ്റി അവസാനം അൽമുല്ല പ്ലാസയുടെ അടുത്തെത്തും, ചിലപ്പോൾ ഷാർജ ബോർഡറിൽ വരേയും. ഇന്നലെയും അതു സംഭവിച്ചു. തിരിച്ച് ഹോർലാൻസിലെത്തുമ്പോൾ പത്തേ അമ്പത്തിയഞ്ച്.
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. രണ്ടാഴ്ചയിലധികമായി ബുർദ ഇറങ്ങിയിട്ടെന്ന് പൂങ്കാവനത്തിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. അന്നു മുതൽ ഞാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തു നില്ക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തെ പേറ്റുനോവിനൊടുവിൽ അച്ചടിച്ചു വന്ന എന്റെ പുസ്തകം കണ്ടപ്പോൾ ഞാൻ സന്തോഷം കൊണ്ടു വീർപ്പു മുട്ടി. അല്ലാഹുവിന്‌ ആയിരം സ്തുതികളർപ്പിച്ചു. ഇതു വായിക്കുന്നവർക്ക് ഈ സന്തോഷത്തിന്റെ തോത് അറിയാൻ കഴിയില്ല. അതറിയണമെങ്കിൽ നിങ്ങളും ഒരു പുസ്തകത്തിനു ജന്മം നല്കണം. വഴിക്കു വെച്ച് വണ്ടി സൈഡാക്കി മുഴുവനും വീണ്ടും വീണ്ടും മറിച്ചു നോക്കി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിരിക്കുന്നു. അൽ ഹംദുലില്ലാഹ്. വില അല്പ്പം കൂടിപ്പോയെന്ന് എനിക്കു തോന്നാതിരുന്നില്ല. പക്ഷേ അത് എന്റെ അധികാര പരിധിയിൽ വരുന്നതല്ലല്ലോ. നാട്ടിലെ നിലവിലുള്ള മാർകറ്റ് റൈറ്റനുസരിച്ച് ഇതു പോലൊരു പുസ്തകം 5000 കോപ്പിയെങ്കിലും അടിക്കാൻ ചുരുങ്ങിയത് മൂന്നോ നാലോ ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മുടക്കിയ മുതൽ തിരികെ ലഭിക്കണമെങ്കിൽ കാലം പിന്നെയും പിടിക്കും. ഏതായാലും പ്രസിദ്ധീകരിച്ചവർക്ക് അല്ലാഹു മുതലും ലാഭവും തിരിച്ചു കൊടുക്കട്ടെ. എന്നാലല്ലെ അവർക്കു പിന്നെയും ഇതു പോലെയുള്ള പുസ്തകങ്ങൾ അടിച്ചിറക്കാൻ താല്പ്പര്യമുണ്ടാവുകയുള്ളൂ.